ഇംഗ്ലണ്ടിൽ ചൂട് 33 ഡിഗ്രിയിലേയ്ക്ക്; വിവിധയിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി അധികൃതർ

May 22, 2026 - 17:24
 0
ഇംഗ്ലണ്ടിൽ ചൂട് 33 ഡിഗ്രിയിലേയ്ക്ക്; വിവിധയിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകി അധികൃതർ

ഇംഗ്ലണ്ടില്‍ ഈ വാരാന്ത്യം ചൂട് കനക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ചയോടെ ഹീത്രൂവില്‍ അന്തരീക്ഷ താപനില 26.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ഈ വര്‍ഷം ഇതുവരെയുള്ളതില്‍ ഏറ്റവും ചൂടേറിയ ദിനമായി മാറിയിരിക്കുകയാണ് ഇന്ന്.

അതേസമയം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മെയ് മാസമായിരിക്കും ഇതെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ സതേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ഇംഗ്ലണ്ടില്‍ ഇന്നേവരെയുള്ളതില്‍ മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 32.8 ഡിഗ്രിയാണ്.

ചൂട് വര്‍ദ്ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇന്ന് രാവിലെ ആംബര്‍ ഹീറ്റ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പകല്‍ 2 മണി മുതല്‍ അടുത്ത ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് മുന്നറിയിപ്പ്. നേരത്തെ നല്‍കിയ താരതമ്യേന അപകട സാധ്യത കുറഞ്ഞ യെല്ലോ അലേര്‍ട്ടിന് പകരമായാണിത്.

വര്‍ദ്ധിച്ച ചൂട് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകാമെന്നും, 65 വയസിന് മേല്‍ പ്രായമുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ആംബര്‍ അലേര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരിലും ചൂട് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം.

രാജ്യത്തിന്റെ നോര്‍ത്ത്-ഈസ്റ്റ്, നോര്‍ത്ത്-വെസ്റ്റ് പ്രദേശങ്ങളിലും, യോര്‍ക്ക്ഷയര്‍, സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവരും ചൂടിനെതിരെ മുന്‍കരുതലുകളെടുക്കണം.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.