പ്രാദേശിക തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളിൽ വൻ വിജയം നേടി യുകെ റീഫോം, തകർന്നടിഞ്ഞ് ലേബർ പാർട്ടി

May 8, 2026 - 11:47
 0
പ്രാദേശിക തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളിൽ വൻ വിജയം നേടി യുകെ റീഫോം, തകർന്നടിഞ്ഞ് ലേബർ പാർട്ടി

ഇംഗ്ലണ്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വന്‍ വിജയവുമായി യുകെ റീഫോം പാര്‍ട്ടി. വോട്ടെണ്ണലിന്റെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 405 കൗണ്‍സില്‍ സീറ്റുകളാണ് യുകെ റീഫോം നേടിയിട്ടുള്ളത്. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ 403 സീറ്റുകള്‍ അധികമാണിത്. അതേസമയം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇതുവരെ 254 കൗണ്‍സില്‍ സീറ്റുകളേ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 263 സീറ്റുകളുടെ കുറവാണിത്. മറ്റൊരു പ്രധാന പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌സ് 257 സീറ്റുകള്‍ നേടിയെങ്കിലും മുമ്പുണ്ടായിരുന്നതില്‍ നിന്നും 175 സീറ്റുകള്‍ കുറഞ്ഞു.

ലിബറല്‍ ഡെമോക്രാറ്റ്‌സ് 37 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 249 കൗണ്‍സില്‍ സീറ്റുകളിലും, ഗ്രീന്‍ പാര്‍ട്ടി 27 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 51 സീറ്റുകളിലും വിജയം നേടി. മറ്റുള്ളവര്‍ 46 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ തുടരുന്ന സാഹചര്യത്തില്‍ അന്തിമഫലത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ആകെയുള്ള 5,047 കൗണ്‍സില്‍ സീറ്റുകളില്‍ 1,262 എണ്ണത്തിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

അതേസമയം പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടി വേദനിപ്പിക്കുന്നതാണെങ്കിലും നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും ഇത് തന്നെ പിന്നോട്ടടിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. രാജ്യത്തെ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് പടിയിറങ്ങാന്‍ താനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സ്റ്റാര്‍മര്‍, 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ വന്‍ വിജയം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള അഞ്ച് വര്‍ഷത്തെ ഭരണപൂര്‍ത്തീകരണത്തിനുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന് പുറമെ സ്‌കോട്ടിഷ്, വെയില്‍സ് പാര്‍ലമെന്റുകളിലേയ്ക്കുള്ള വോട്ടെണ്ണലും ആരംഭിക്കാനിരിക്കുകയാണ്. വോട്ടെണ്ണി തീരുന്നതോടെ വെയില്‍സില്‍ കഴിഞ്ഞ 27 വര്‍ഷമായി തുടരുന്ന ലേബര്‍ ഭരണത്തിന് അവസാനമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നേതാവായ കിയര്‍ സ്റ്റാര്‍മറുടെ വൈദഗ്ദ്ധ്യവും ചോദ്യം ചെയ്യപ്പെടും.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.