ബ്രെന്റിലെ സ്കൂൾ സ്ട്രീറ്റുകളിൽ ഒരു വർഷം 70,000ത്തിലധികം പിഴ; സൈൻബോർഡുകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് പരാതി
സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം ലംഘിച്ചതിന് ലണ്ടനിലെ ബ്രെന്റ് കൗൺസിൽ ഒരു വർഷത്തിനിടെ 70,000ത്തിലധികം പിഴ നോട്ടീസുകൾ നൽകിയതായി റിപ്പോർട്ട്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 33 സ്കൂളുകളുമായി ബന്ധപ്പെട്ട
ലണ്ടൻ : സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണം ലംഘിച്ചതിന് ലണ്ടനിലെ ബ്രെന്റ് കൗൺസിൽ ഒരു വർഷത്തിനിടെ 70,000ത്തിലധികം പിഴ നോട്ടീസുകൾ നൽകിയതായി റിപ്പോർട്ട്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 33 സ്കൂളുകളുമായി ബന്ധപ്പെട്ട റോഡുകളിൽ ആകെ 73,018 പെനാൽറ്റി ചാർജ് നോട്ടീസുകളാണ് നൽകിയിരിക്കുന്നത്. മുഴുവൻ തുകയും അടച്ചാൽ ഇതിലൂടെ 1.16 കോടി പൗണ്ടിലധികം വരുമാനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കൂൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള തിരക്കേറിയ സമയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും മലിനീകരണം കുറയ്ക്കാനുമായി വാഹനപ്രവേശനം നിയന്ത്രിക്കുന്നതാണ് സ്കൂൾ സ്ട്രീറ്റ് പദ്ധതി.
നിയന്ത്രിത സമയങ്ങളിൽ അനുമതിയോ പ്രത്യേക ഒഴിവാക്കലോ ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ സിസിടിവി ക്യാമറകളും മൊബൈൽ എൻഫോഴ്സ്മെന്റ് സംഘങ്ങളും ഉപയോഗിച്ചാണ് നടപടി സ്വീകരിക്കുന്നത്. പിഴ തുക 160 പൗണ്ട് വരെയാകാം. 14 ദിവസത്തിനകം അടച്ചാൽ ഇത് 80 പൗണ്ടായി കുറയും. കണക്കുകൾ പ്രകാരം ഓരോ സ്കൂൾ ദിവസവും ശരാശരി 384 പിഴ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇത്രയും വലിയ തോതിൽ പിഴ ഈടാക്കുന്നതിനെതിരെ ചില പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ സൈൻബോർഡുകൾ വ്യക്തമായി കാണാനാകുന്നില്ല, തെറ്റായി സ്ഥാപിച്ചിരിക്കുന്നു, അല്ലെങ്കിൽ വാഹനമോടിക്കുന്നതിനിടെ പെട്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നാണ് പരാതി. പ്രെസ്റ്റൺ മാനർ സ്കൂളിന് ചുറ്റുമുള്ള റോഡുകളിലാണ് ഏറ്റവും കൂടുതൽ പിഴ രേഖപ്പെടുത്തിയത്. കാർൽട്ടൺ അവന്യൂ ഈസ്റ്റ്, പ്രിൻസസ് അവന്യൂ, ബൗളിംഗ് ഗ്രീൻ കോർട്ട്, എൽംസ്റ്റഡ് അവന്യൂ എന്നിവിടങ്ങളിലായി 12,250 പിഴ നോട്ടീസുകളാണ് നൽകിയിരിക്കുന്നത്.
ഹാർലസ്‌ഡനിലെ ജോൺ കെബിൾ സി ഓഫ് ഇ സ്കൂൾ, മാപിൾ വാക് സ്കൂൾ, സെന്റ് ക്ലോഡിൻസ് കത്തോലിക്ക സ്കൂൾ എന്നിവയുമായി ബന്ധപ്പെട്ട സ്കൂൾ സ്ട്രീറ്റുകളിൽ 12,171 പിഴയും, കിംഗ്സ്‌ബറി ഗ്രീൻ പ്രൈമറി സ്കൂൾ, സെന്റ് റോബർട്ട് സൗത്ത്‌വെൽ കത്തോലിക്ക പ്രൈമറി സ്കൂൾ പരിസരങ്ങളിൽ 8,337 പിഴയും നൽകി. അതേസമയം, എല്ലാ സ്കൂൾ സ്ട്രീറ്റ് സൈൻബോർഡുകളും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും മുന്നറിയിപ്പ് ബോർഡുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ബ്രെന്റ് കൗൺസിൽ വ്യക്തമാക്കി. പദ്ധതി കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താനും കാൽനട, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാനും വായുമലിനീകരണം കുറയ്ക്കാനും സഹായിക്കുന്നുവെന്നാണ് കൗൺസിലിന്റെ നിലപാട്.
English Summary: Brent Council issued more than 70,000 fines in one year for School Street violations, raising concerns over signage and enforcement.
