ലേബർ സർക്കാറിന്റെ പുതിയ മാൻഷൻ ടാക്സ് ഭാവിയിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാകുമെന്ന് റിപ്പോർട്ട്

May 20, 2026 - 17:06
 0
ലേബർ സർക്കാറിന്റെ പുതിയ മാൻഷൻ ടാക്സ് ഭാവിയിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാകുമെന്ന് റിപ്പോർട്ട്

യുകെയിൽ രണ്ട് മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന വസതികൾക്ക് ലേബർ സർക്കാർ ഏർപ്പെടുത്താൻ പോകുന്ന പുതിയ മാൻഷൻ ടാക്സ് അഥവാ ഉയർന്ന കൗൺസിൽ നികുതി സർചാർജ് ഭാവിയിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാകുമെന്ന് റിപ്പോർട്ട്. കുറഞ്ഞ വരുമാനമുള്ള വീട്ടുടമസ്ഥർക്ക് തങ്ങളുടെ ജീവിതാവസാനം വരെയോ അല്ലെങ്കിൽ വീട് വിൽക്കുന്നത് വരെയോ ഈ നികുതി അടയ്ക്കാതെ മാറ്റിവെക്കാൻ ട്രഷറി പുതിയ നിർദേശങ്ങളിൽ അനുമതി നൽകുന്നുണ്ടെങ്കിലും പിന്നീട് ഇത് വലിയൊരു തുകയായി ഇവരുടെ മക്കൾക്കോ മറ്റ് അവകാശികൾക്കോ കൈമാറേണ്ടി വരും. 

പലിശയടക്കം കുന്നുകൂടുന്ന ഈ നികുതി ബാധ്യത ഒടുവിൽ പാരമ്പര്യമായി കിട്ടിയ വീട് വിൽക്കാൻ പോലും കുടുംബങ്ങളെ നിർബന്ധിതരാക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
കഴിഞ്ഞ ബജറ്റിൽ ചാൻസലർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം രണ്ട് മില്യൺ പൗണ്ടിലധികം വിലയുള്ള വീടുകൾക്ക് പ്രതിവർഷം 2,500 പൗണ്ട് മുതൽ 7,500 പൗണ്ട് വരെ അധിക സർചാർജ് ചുമത്താനാണ് തീരുമാനം. എന്നാൽ 35,000 പൗണ്ടിൽ താഴെ വാർഷിക വരുമാനമുള്ള വീട്ടുടമകൾക്ക് ഈ തുക തൽക്കാലം അടയ്ക്കാതെ മാറ്റിവെക്കാൻ ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ കൺസൾട്ടേഷൻ രേഖകൾ പ്രകാരം സാധിക്കും. പക്ഷേ ഇത്തരത്തിൽ മാറ്റിവെക്കുന്ന തുകയ്ക്ക് എച്ച്എംആർസിയുടെ വൈകിയുള്ള പേയ്‌മെന്റ് നിരക്കായ 7.75 ശതമാനം വരെ പലിശ ഈടാക്കാൻ സാധ്യതയുള്ളതിനാൽ പത്ത് വർഷം കൊണ്ട് ഈ ബാധ്യത ഒരു ലക്ഷത്തി പതിനായിരത്തിലധികം പൗണ്ടായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


ഇതോടെ പുതിയ നികുതി സാധാരണക്കാരായ വീട്ടുടമകളുടെ അവകാശികൾക്ക് ഇരട്ടി പ്രഹരമായി മാറുമെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. മാതാപിതാക്കളുടെ മരണശേഷം വീട് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഇൻഹെറിറ്റൻസ് ടാക്സിന് പുറമെ ഈ വൻ തുക കൂടി അടയ്ക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളോടുള്ള ക്രൂരതയാണെന്ന് ഷാഡോ ഹൗസിങ് സെക്രട്ടറി സർ ജെയിംസ് ക്ലെവർലി കുറ്റപ്പെടുത്തി. അതേസമയം മേഫെയറിലെ 10 മില്യൺ പൗണ്ട് വിലയുള്ള വസതികൾ സാധാരണ വീടുകളേക്കാൾ കുറഞ്ഞ കൗൺസിൽ നികുതി അടയ്ക്കുന്ന നിലവിലെ അനീതി അവസാനിപ്പിക്കാനാണ് പുതിയ ഭേദഗതിയെന്ന് ട്രഷറി വ്യക്തമാക്കി. ഈ പുതിയ പരിഷ്കരണത്തിലൂടെ 2028 മുതൽ പ്രതിവർഷം 430 മില്യൺ പൗണ്ട് വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.