യുകെയിലെ എണ്ണവില വർദ്ധന; റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തുന്ന ഉപരോധം ഇളവ് ചെയ്യാൻ സർക്കാർ
ബ്രിട്ടനിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ റഷ്യൻ എണ്ണയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശന ഉപരോധങ്ങളിൽ ഇളവ് വരുത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. മൂന്നാം രാജ്യങ്ങളിൽ വെച്ച് ശുദ്ധീകരിച്ച് ഡീസലായും വിമാന ഇന്ധനമായും മാറ്റുന്ന റഷ്യൻ അസംസ്കൃത എണ്ണയ്ക്കുള്ള വിലക്കാണ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉത്തരവിലൂടെ നീക്കിയത്. ഇസ്രായേൽ - യുഎസ് - ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ഉപരോധം ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമാകുമെന്ന ആശങ്ക കണക്കിലെടുത്താണ് യുകെയുടെ ഈ അടിയന്തര നടപടി. റഷ്യൻ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഗതാഗതത്തിന് മേലുള്ള ചില നിയന്ത്രണങ്ങളും ഇതോടൊപ്പം താൽക്കാലികമായി നീക്കിയിട്ടുണ്ട്.
ഇന്ത്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിമാന ഇന്ധനം ഇറക്കുമതി ചെയ്യാൻ പുതിയ തീരുമാനം വഴി യുകെയ്ക്ക് സാധിക്കും. നേരത്തെ ഒക്ടോബറിൽ മൂന്നാം രാജ്യങ്ങളിൽ വെച്ച് ശുദ്ധീകരിക്കുന്ന റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര വിപണിയെയും ജനങ്ങളെയും സംരക്ഷിക്കാൻ ഇളവുകൾ അനിവാര്യമാണെന്ന് ട്രഷറി മന്ത്രി ഡാൻ ടോംലിൻസൺ വ്യക്തമാക്കി. റഷ്യൻ വാതകത്തിന് മേൽ ഈ വർഷം അവസാനം വരെയും മറ്റ് എണ്ണ ഉൽപ്പന്നങ്ങൾക്ക് അനിശ്ചിതകാലത്തേക്കുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനമായ ഒരു നടപടി നേരത്തെ അമേരിക്കയും സ്വീകരിച്ചിരുന്നു.
അതേസമയം സർക്കാരിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷത്തു നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. യുക്രെയ്നെതിരായ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ജി7 സഖ്യത്തിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ ഈ പിന്മാറ്റം. യുകെയുടെ ഈ തീരുമാനം യുക്രെയ്നെ ഏറെ നിരാശപ്പെടുത്തിയതായും റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മർദ്ദം ഇത് കുറയ്ക്കുമെന്നും രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കാൻ മാത്രമാണ് ഈ പ്രത്യേക ക്രമീകരണമെന്നുമാണ് യുകെ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

