അനൂപ് ജേക്കബിന് ആശംസയുമായി സ്കോട്‌ലൻഡ് എംപി മാർട്ടിൻ ഡേ; ‘പാമ്പാക്കുട ബന്ധം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി

May 20, 2026 - 22:20
 0
അനൂപ് ജേക്കബിന് ആശംസയുമായി സ്കോട്‌ലൻഡ് എംപി മാർട്ടിൻ ഡേ; ‘പാമ്പാക്കുട ബന്ധം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി
Image Credit: Facebook / Martyn Day SNP

ലണ്ടൻ : കേരളത്തിൽ മന്ത്രിയായി ചുമതലയേറ്റ അനൂപ് ജേക്കബിനെ അഭിനന്ദിച്ച് സ്കോട്‌ലൻഡ് എംപി മാർട്ടിൻ ഡേ. ഫെയ്സ്ബുക്കിലൂടെയാണ് മാർട്ടിൻ ഡേ അനൂപ് ജേക്കബിനും പുതിയ മന്ത്രിസഭയ്ക്കും ആശംസകൾ അറിയിച്ചത്. സ്കോട്‌ലൻഡിലെ തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം കേരളത്തിലെ തിരഞ്ഞെടുപ്പ് വാർത്തകൾ വൈകിയാണ് ശ്രദ്ധിക്കാനായതെന്നും, കുടുംബ സുഹൃത്തായ അനൂപ് ജേക്കബിന് മന്ത്രിയായതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടന്നെങ്കിലും വോട്ടെണ്ണലിനായി മേയ് 4 വരെ കാത്തിരിക്കേണ്ടിവന്നതിനെക്കുറിച്ചും മാർട്ടിൻ ഡേ പോസ്റ്റിൽ പരാമർശിച്ചു. തനിക്ക് സ്വന്തം തിരഞ്ഞെടുപ്പ് ഫലത്തിനായി ഒരു രാത്രി മാത്രം കാത്തിരിക്കേണ്ടി വന്നപ്പോൾ, കേരളത്തിലെ സ്ഥാനാർഥികൾക്ക് ഏറെ നാളുകൾ കാത്തിരിക്കേണ്ടിവന്നതായും അദ്ദേഹം തമാശയോടെ ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ മന്ത്രിസഭയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു. കേരള ജനതയെ സേവിക്കുന്നതിൽ മന്ത്രിസഭയ്ക്ക് മികച്ച വിജയം കൈവരിക്കാനാകട്ടെയെന്നും മാർട്ടിൻ ഡേ സന്ദേശത്തിൽ പറഞ്ഞു.

മാർട്ടിൻ ഡേയുടെ ഭാര്യ നിധിൻ ചന്ദ് പിറവം മണ്ഡലത്തിലെ പാമ്പാക്കുട സ്വദേശിനിയാണ്. കെ. എൻ. ചന്ദ്രന്റെയും രാജമ്മ ചന്ദ്രന്റെയും മകളായ നിധിന്റെ കുടുംബത്തിന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗവുമായി നേരത്തേ മുതൽ ബന്ധമുണ്ടായിരുന്നു. ഇതുവഴിയാണ് മാർട്ടിൻ ഡേയും അനൂപ് ജേക്കബിന്റെ കുടുംബവുമായി അടുപ്പത്തിലായത്. അനൂപ് ജേക്കബിനൊപ്പമുള്ള കുടുംബചിത്രം കൂടി മാർട്ടിൻ ഡേ പങ്കുവെച്ചതോടെ ‘പാമ്പാക്കുട സ്നേഹം’ പ്രവാസി മലയാളികൾക്കിടയിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയായിരുന്നു.

English Summary: Scottish MP Martyn Day congratulated Kerala minister Anoop Jacob, highlighting his family connection with Pampakuda.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.