ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ യുകെ തൊഴിൽ വിപണി

May 25, 2026 - 14:10
 0
ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ യുകെ തൊഴിൽ വിപണി

ലണ്ടൻ : ബ്രിട്ടനിൽ ഒരു വർഷത്തിലേറെയായി ജോലിയില്ലാത്ത ദീർഘകാല തൊഴിൽരഹിതരുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒടുവിലത്തെ കണക്കുകൾ പ്രകാരം 4,74,000 ആളുകളാണ് നിലവിൽ ഈ പ്രതിസന്ധി നേരിടുന്നത്. ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ തൊഴിൽ വിപണിയെ ദോഷകരമായി ബാധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൂടുതൽ കാലം തൊഴിൽരഹിതരായി തുടരുന്നത് ഇവരുടെ ഉൽപ്പാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും പിന്നോട്ടടിക്കാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്.


യുവതലമുറയെയാണ് ഈ തൊഴിൽ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 16 മുതൽ 24 വയസ്സ് വരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16.2 ശതമാനമായി ഉയർന്നു. കുറഞ്ഞ വേതന നിരക്ക് വർദ്ധിപ്പിച്ചതും തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് വിഹിതം കൂട്ടിയതുമാണ് ബിസിനസ്സ് സ്ഥാപനങ്ങളെ പുതിയ നിയമനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഇതോടെ പുതിയതായി ജോലി തേടി ഇറങ്ങുന്ന യുവാക്കൾക്ക് അവസരങ്ങൾ ഇല്ലാതാവുകയും അവർ ജോലി ഉപേക്ഷിച്ച് സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.


യുവാക്കളെ വളരെയധികം ആശ്രയിക്കുന്ന റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളെയാണ് ഈ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ഉലച്ചിരിക്കുന്നത്. ഈ മേഖലകളിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തി അൻപതിനായിരത്തിലധികം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര തലത്തിലെ യുദ്ധസാഹചര്യങ്ങൾ തൊഴിൽ വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി പാറ്റ് മക്ഫാഡൻ സമ്മതിക്കുമ്പോഴും, യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.