അമേരിക്കയിലെ ഗ്രീൻ കാർഡ് കാത്തിരിപ്പ് നീളുന്നു; ഇന്ത്യൻ എച്ച്-1ബി പ്രൊഫഷണലുകൾ യുകെയിലേക്ക് തിരിയുന്നതായി റിപ്പോർട്ട്
അമേരിക്കയിലെ ഗ്രീൻ കാർഡ് കാത്തിരിപ്പും എച്ച്-1ബി അനിശ്ചിതത്വവും മൂലം കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകൾ യുകെ ഗ്ലോബൽ ടാലന്റ് വിസയെ ബദൽ വഴിയായി പരിഗണിക്കുന്നു.
ലണ്ടൻ : അമേരിക്കയിലെ എച്ച്-1ബി വിസയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഗ്രീൻ കാർഡിനായുള്ള നീണ്ട കാത്തിരിപ്പും മൂലം കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകൾ യുകെയെ ബദൽ വഴിയായി പരിഗണിക്കുന്നതായി ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു. ലണ്ടൻ ആസ്ഥാനമായ എ വൈ ആൻഡ് ജെ സോളിസിറ്റേഴ്സിന്റെ സിഇഒയും ഡയറക്ടറുമായ ഇന്ത്യൻ വംശജനായ ഇമിഗ്രേഷൻ അഭിഭാഷകൻ യാഷ് ദുബാലിന്റെ അഭിപ്രായത്തിൽ, വർഷങ്ങളായി യുഎസ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ എൻജിനീയർമാരുടെയും ഗവേഷകരുടെയും അന്വേഷണങ്ങൾ വർധിച്ചിരിക്കുകയാണ്. ഇവരിൽ പലരും എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരും, അവരുടെ പങ്കാളികൾ എച്ച്-4 വിസയിലുള്ളവരുമാണ്.
യുകെയുടെ ഗ്ലോബൽ ടാലന്റ് വിസയാണ് ഇവരിൽ പലരും പ്രധാനമായി പരിഗണിക്കുന്നതെന്ന് ദുബാൽ പറയുന്നു. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ കുടിയേറ്റ സംവിധാനത്തിന്റെ ഭാഗമായി 2020ൽ അവതരിപ്പിച്ച ഈ വിസ, സ്വന്തം മേഖലയിലെ നേതാക്കളായോ ഭാവി നേതാക്കളായോ അംഗീകരിക്കപ്പെട്ടവർക്കും അസാധാരണ കഴിവുകൾ തെളിയിക്കാനാകുന്നവർക്കുമാണ് ലക്ഷ്യമിടുന്നത്. സ്കിൽഡ് വർക്കർ വിസയിൽ നിന്ന് വ്യത്യസ്തമായി, ഈ വിസ ഒരു തൊഴിലുടമയുമായി ബന്ധിപ്പിച്ചിട്ടുള്ളതല്ല. ജോലി ഓഫറോ സ്പോൺസർഷിപ്പോ നിർബന്ധമില്ല, കുറഞ്ഞ ശമ്പളപരിധിയും ഇല്ല. വിസയുള്ളവർക്ക് ജോലി മാറാനും ഫ്രീലാൻസായി പ്രവർത്തിക്കാനും കൺസൾട്ടൻസി ജോലി ചെയ്യാനും ബിസിനസ് തുടങ്ങാനും സ്വാതന്ത്ര്യമുണ്ട്.
അമേരിക്കയിൽ പല ഇന്ത്യൻ പ്രൊഫഷണലുകൾക്കും ഗ്രീൻ കാർഡിനായി 10 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുമ്പോൾ, യുകെ ഗ്ലോബൽ ടാലന്റ് വിസ വഴി യോഗ്യതയുള്ളവർക്ക് മൂന്ന് വർഷത്തിനുള്ളിൽ സ്ഥിരതാമസത്തിലേക്ക് എത്താനുള്ള വഴി ലഭിക്കാമെന്നതാണ് പ്രധാന ആകർഷണം. ഡിജിറ്റൽ ടെക്നോളജി, എൻജിനീയറിംഗ്, അക്കാദമിക് മേഖല, ഗവേഷണം, പ്രകൃതി ശാസ്ത്രം, മെഡിക്കൽ സയൻസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, കലാരംഗം തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഈ വിസ ബാധകമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് അംഗീകൃത യുകെ സ്ഥാപനത്തിൽ നിന്ന് എൻഡോഴ്‌സ്‌മെന്റ് നേടണം. പല ഇന്ത്യൻ പ്രൊഫഷണലുകളും തങ്ങൾക്ക് യോഗ്യതയില്ലെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവർ വിസാ മാനദണ്ഡങ്ങൾക്ക് അടുത്തിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
