യുകെ വിസ തട്ടിപ്പ്: ഹൈദരാബാദ് സ്വദേശിനിക്ക് 31 ലക്ഷം നഷ്ടമായി, 10 വർഷത്തെ വിലക്കും
യുകെ സ്കിൽഡ് വർക്കർ വിസ വാഗ്ദാനം ചെയ്ത് 31.2 ലക്ഷം രൂപ തട്ടിയെടുത്തെന്നും അനാസ്ഥ മൂലം പത്ത് വർഷത്തെ വിസ വിലക്ക് നേരിട്ടെന്നും ഹൈദരാബാദ് സ്വദേശിനി പൊലീസിൽ പരാതി നൽകി.
ലണ്ടൻ : യുകെ സ്കിൽഡ് വർക്കർ വിസ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിടുന്ന വിസ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് ശക്തമാകുന്നതിനിടെ, ഹൈദരാബാദ് സ്വദേശിനിയായ യുവതിക്ക് വിസ കൺസൾട്ടൻസിയുടെ ചതിയിലൂടെ ലക്ഷങ്ങളും വിസയും നഷ്ടമായി. യുകെ വിസ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകി ഓവർസീസ് കൺസൾട്ടൻസി 31.2 ലക്ഷം രൂപ തട്ടിയെടുക്കുകയും, അനാസ്ഥ മൂലം തനിക്ക് പത്ത് വർഷത്തെ യാത്രാവിലക്ക് ഏർപ്പെടുത്താൻ കാരണമായെന്നും കാണിച്ച് ഫിലിം നഗർ സ്വദേശിനിയായ ദീപിക ജൂബിലി ഹിൽസ് പൊലീസിൽ പരാതി നൽകി. എൽബി നഗറിലുള്ള ഔറൻ ഓവർസീസ് കൺസൾട്ടൻസി പ്രതിനിധികൾക്കെതിരെയാണ് 30 വയസ്സുകാരിയായ യുവതി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
മുമ്പ് യുകെയിൽ ഫർദർ ലീവ് ടു റിമെയിൻ വിസാ കാലാവധി കഴിഞ്ഞും ആറുമാസം അധികം താമസിച്ച വിവരം യുവതി കൺസൾട്ടൻസിയെ അറിയിച്ചിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ തങ്ങളുടെ ആളുകൾ യുകെ ഇമിഗ്രേഷനിൽ ഉണ്ടെന്നും സോളിസിറ്റർ വഴി വിസ ശരിയാക്കാമെന്നും വിശ്വസിപ്പിച്ച് പ്രതികൾ യുവതിയിൽ നിന്ന് 20,000 പൗണ്ട് വാങ്ങിയെന്നാണ് ആരോപണം. തുടർന്ന് സമർപ്പിച്ച വിസ അപേക്ഷയിൽ ഈ സുപ്രധാന വിവരം കൺസൾട്ടൻസി മറച്ചുവെക്കുകയായിരുന്നു. മാർച്ച് മാസത്തിൽ തന്നെ വിസ നിരസിക്കപ്പെട്ടെങ്കിലും മെയ് പകുതിയോടെയാണ് കൺസൾട്ടൻസി ഈ വിവരം യുവതിയെ അറിയിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
വിസ അപേക്ഷയിൽ മുൻപ് നിയമവിരുദ്ധമായി താമസം നീട്ടിയ കാര്യം വെളിപ്പെടുത്താത്തതിനെ തുടർന്നാണ് യുകെ ഇമിഗ്രേഷൻ വകുപ്പ് അപേക്ഷ നിരസിക്കുകയും യുവതിക്ക് പത്ത് വർഷത്തെ വിസ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതെന്ന് ആരോപണമുണ്ട്. പണം നഷ്ടപ്പെട്ടതിനൊപ്പം കരിയറും പ്രതിസന്ധിയിലായതോടെയാണ് ദീപിക പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ ജൂൺ 27ന് വിശ്വാസവഞ്ചന, സാമ്പത്തിക ചൂഷണം, തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികൾക്ക് നോട്ടീസ് അയക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമുള്ള നടപടികൾ ആരംഭിച്ചു.
