യുകെയിൽ ചൈനയ്ക്കായി ചാരവൃത്തി നടത്തിയ രണ്ട് പേർ കുറ്റക്കാർ; പരമാധികാരത്തെ തൊട്ട് കളിക്കരുതെന്ന് ചൈനയോട് യുകെ

May 10, 2026 - 10:59
 0
യുകെയിൽ ചൈനയ്ക്കായി ചാരവൃത്തി നടത്തിയ രണ്ട് പേർ കുറ്റക്കാർ; പരമാധികാരത്തെ തൊട്ട് കളിക്കരുതെന്ന് ചൈനയോട് യുകെ

ചൈനയ്ക്കായി ചാരവൃത്തി നടത്തിവന്ന രണ്ടുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ചൈനയ്ക്ക് മുന്നറിയിപ്പുമായി യുകെ. ചൈനീസ്-യുകെ ഇരട്ട പൗരത്വമുള്ളവരായ ബില്‍ യുവെന്‍, ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ പീറ്റര്‍ വായ് എന്നിവരാണ് ഹോങ്കോങ് ഇന്റലിജന്‍സിനും വേണ്ടി ചാരപ്രവൃത്തി നടത്തിയതായി കഴിഞ്ഞദിവസം ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ തെളിഞ്ഞത്. രാജ്യത്തെ ജനാധിപത്യപ്രവര്‍ത്തകരെയും, സര്‍ക്കാരിലുള്ളവരെയുമാണ് ഇവര്‍ നിരീക്ഷിച്ചിരുന്നത്. ജനാധിപത്യ പ്രതിഷേധപ്രകടനം നടത്തിയവരെ വായ് ഭീഷണിപ്പെടുത്തിയതായും, പിന്തുടര്‍ന്നതായും കോടതിയില്‍ വ്യക്തമായിരുന്നു.

യുകെയിലെ ചൈനീസ് അംബാസഡറായ ഷെങ് സെഗുവാങ്ങിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് യുകെ വിദേശകാര്യവകുപ്പ് അതൃപ്തിയറിയിച്ചത്. യുകെയിലെ ജനങ്ങളെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകടപ്പെടുത്താനോ ഉള്ള വിദേശരാജ്യങ്ങളുടെ ഒരു ശ്രമവും സഹിക്കാന്‍ തയ്യാറല്ലെന്ന് ചൈനീസ് അംബാസഡറെ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഇത് യുകെയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സെക്രട്ടറി വ്യക്തമാക്കി.

യുവെനും, വായും 2023 ഡിസംബര്‍ 20-നും 2024 മെയ് 2-നും ഇടയിലുള്ള സമയം വിദേശരാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് രണ്ട് മാസം നീണ്ട വിചാരണയ്ക്ക് ശേഷം വ്യാഴാഴ്ച കോടതി കണ്ടെത്തിയത്. 65-കാരനായ ബില്‍ യുവെന്‍ സെന്‍ട്രല്‍ ലണ്ടനിലെ ഹോങ്കോങ് എക്കണോമിക് ട്രേഡ് ഓഫീസില്‍ ഇരുന്ന്, കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ വായ് (40) അടക്കമുള്ളവരുടെ ചാരപ്രവൃത്തി നിയന്ത്രിച്ചുവരികയായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ മുന്‍ റോയല്‍ മറൈന്‍ ഓഫീസറായ മാത്യു ട്രിക്കറ്റിനെ 2024 മെയ് 19-ന് ബെര്‍ക്ക്ഷയറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ട്രിക്കറ്റിന്റേത് ആത്മഹത്യയായിരുന്നു എന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഹോങ്കോങ് ഇന്റലിജന്‍സ് സര്‍വീസിന് വേണ്ടിയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കേസില്‍ 11 പേരെയാണ് എംഐ5 ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.