ബ്രിട്ടനിലെ സർവകലാശാലാ ഫീസ് 10,000 പൗണ്ടിലേക്ക്; വിദ്യാർഥികൾ കടക്കെണിയിലെന്ന് റിപ്പോർട്ട്
Tuition fees at English universities are creeping closer to £10,000 a year, leaving graduates facing unprecedented debt levels and triggering widespread criticism against political inaction.
ലണ്ടൻ : ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ട്യൂഷൻ ഫീസ് പ്രതിവർഷം 10,000 പൗണ്ടിലേക്ക് (ഏകദേശം 11 ലക്ഷത്തോളം രൂപ) അടുക്കുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ സർവകലാശാലകളിൽ നിലവിൽ ബിരുദ വിദ്യാർഥികളുടെ വാർഷിക ഫീസ് റെക്കോർഡ് നിരക്കായ 9,790 പൗണ്ടിലെത്തി നിൽക്കുകയാണ്. 1998-ൽ ടോണി ബ്ലെയർ സർക്കാർ ട്യൂഷൻ ഫീസ് ആദ്യമായി ഏർപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന 1,000 പൗണ്ടിൽ നിന്ന് 879 ശതമാനത്തിന്റെ വൻ വർധനവാണ് ഇതുവരെയുണ്ടായിട്ടുള്ളത്. വിദ്യാർഥികളെ വൻ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഫീസ് വർധനവിനെതിരെയും സർക്കാർ തലത്തിലെ നിഷ്ക്രിയത്വത്തിനെതിരെയും ബ്രിട്ടനിൽ പ്രതിഷേധം ശക്തമാകുകയാണ്.
ഹൗസ് ഓഫ് കോമൺസ് ലൈബ്രറിയുടെ വിശകലനം അനുസരിച്ച്, മുഴുവൻ സ്റ്റുഡന്റ് ലോൺ തുകയും കൈപ്പറ്റുന്ന ഒരു വിദ്യാർഥി ബിരുദം പൂർത്തിയാക്കുമ്പോഴേക്കും ശരാശരി 70,000 പൗണ്ടോളം കടബാധ്യതയിലാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലണ്ടനിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഈ ബാധ്യത 81,000 പൗണ്ട് വരെ ഉയരാൻ സാധ്യതയുണ്ട്. 2025-ൽ ഇംഗ്ലണ്ടിലെ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ഒരു വിദ്യാർഥിയുടെ ശരാശരി കടം 53,010 പൗണ്ടായിരുന്നു. അതേസമയം, പ്രാദേശിക വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്കോട്ട്‌ലൻഡിൽ പഠനം കഴിഞ്ഞിറങ്ങുന്നവരുടെ ശരാശരി ബാധ്യത വെറും 17,990 പൗണ്ട് മാത്രമാണ്.
ട്യൂഷൻ ഫീസ് ഒഴിവാക്കുമെന്നും ഗ്രാജ്വേറ്റ് ടാക്സ് സമ്പ്രദായം കൊണ്ടുവരുമെന്നുമുള്ള മുൻകാല വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിദ്യാർഥി സംഘടനകളിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരായ കുടുംബങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന നടപടികളാണ് തുടരുന്നതെന്നും വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായും എസ്എൻപി ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര ആരോപിക്കുന്നു. എന്നാൽ, നിലവിലെ ലോൺ സമ്പ്രദായം ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നീതിയുക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മെയിന്റനൻസ് ഗ്രാന്റുകളും സഹായങ്ങളും വർധിപ്പിച്ചിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
