യുകെയിൽ 5-12 പ്രായക്കാരായ കുട്ടികൾക്ക് ഓഗസ്റ്റ് മാസം സൗജന്യ ബസ് യാത്ര

May 21, 2026 - 17:19
 0
യുകെയിൽ 5-12 പ്രായക്കാരായ കുട്ടികൾക്ക് ഓഗസ്റ്റ് മാസം സൗജന്യ ബസ് യാത്ര

ഇംഗ്ലണ്ടിലെ അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിൽ സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചു. ജീവിതച്ചെലവ് വർദ്ധനവ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതിനായി 100 മില്യൺ പൗണ്ട് ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലേബർ ഗവൺമെന്റിന്റെ ഈ പുതിയ തീരുമാനം വഴി ഒരു മാസം പ്രായപരിധിയിലുള്ള കുട്ടികൾക്ക് രജിസ്ട്രേഷൻ കൂടാതെ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. മുൻപ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ വിജയകരമായി പരീക്ഷിച്ച പദ്ധതിയാണ് ഇപ്പോൾ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.


ബസ് യാത്രാ ഇളവുകൾക്ക് പുറമെ സാധാരണക്കാർക്ക് ആശ്വാസമേകുന്ന മറ്റ് ചില പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. ബിസ്ക്കറ്റ്, ചോക്ലേറ്റ്, ഉണക്കപ്പഴങ്ങൾ ഉൾപ്പെടെ നൂറിലധികം നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതി നികുതി താല്ക്കാലികമായി ഒഴിവാക്കാൻ തീരുമാനിച്ചു. കൂടാതെ ഇന്ധന നികുതിയിൽ വരുത്തിയ അഞ്ച് പെൻസ് കുറവ് ഈ വർഷം അവസാനം വരെ നീട്ടിയിട്ടുമുണ്ട്. ഇറാൻ സംഘർഷം മൂലം ആഗോളതലത്തിൽ ഉണ്ടായ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ അടിയന്തര ഇടപെടലുകളെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.


അതേസമയം നിത്യോപയോഗ സാധനങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പാൽ, മുട്ട, ബ്രെഡ് തുടങ്ങിയ അവശ്യവസ്തുക്കൾക്ക് വില പരിധി നിശ്ചയിക്കാൻ സർക്കാരിന് പദ്ധതിയില്ലെങ്കിലും സ്വമേധയാ വില കുറയ്ക്കാൻ വ്യാപാരികൾക്ക് മേൽ സമ്മർദ്ദമുണ്ട്. എന്നാൽ വിപണിയിലെ ഇത്തരം ഇടപെടലുകൾ വിതരണ ശൃംഖലയെ തകിടം മറിക്കുമെന്നും സാധനങ്ങൾക്ക് ക്ഷാമം നേരിടാൻ ഇത് കാരണമാകുമെന്നും ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് മുന്നറിയിപ്പ് നൽകി. ഇറക്കുമതി നികുതി കുറയ്ക്കുന്നതിന്റെ യഥാർത്ഥ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.