പാലസ്തീൻ ആക്ഷനെ കുറിച്ച് ചാരപ്രവർത്തനം നടത്താൻ പൊലീസ് പ്രലോഭിപ്പിച്ചെന്ന് മാഞ്ചസ്റ്റർ കഫേ ഉടമയുടെ ആരോപണം

May 30, 2026 - 16:32
 0
പാലസ്തീൻ ആക്ഷനെ കുറിച്ച് ചാരപ്രവർത്തനം നടത്താൻ പൊലീസ് പ്രലോഭിപ്പിച്ചെന്ന് മാഞ്ചസ്റ്റർ കഫേ ഉടമയുടെ ആരോപണം

ലണ്ടൻ : നിരോധിത ഡയറക്ട് ആക്ഷൻ ഗ്രൂപ്പായ പാലസ്തീൻ ആക്ഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, താനൊരു വിവരദാതാവായി പ്രവർത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി മാഞ്ചസ്റ്ററിലെ കഫേ ഉടമയുടെ ആരോപണം. മാഞ്ചസ്റ്ററിൽ രണ്ട് കഫേകൾ നടത്തുന്ന 51 കാരനായ ഷംസ് സാദിഖാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അറസ്റ്റിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ വാങ്ങാൻ മേയ് 15ന് ആഷ്റ്റൺ-അണ്ടർ-ലൈൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് രണ്ട് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.

താൻ പാലസ്തീൻ ആക്ഷനുമായി ബന്ധപ്പെട്ടതായി പൊലീസ് പറഞ്ഞെന്നും, സഹായിച്ചാൽ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള “ആനുകൂല്യങ്ങൾ” ലഭിക്കാമെന്ന് സൂചിപ്പിച്ചതായും സാദിഖ് ഗാർഡിയനോട് പറഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യാൻ അനുവദിക്കില്ലെങ്കിലും ചില ചെറിയ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാമെന്ന തരത്തിലുള്ള പരാമർശവും ഉദ്യോഗസ്ഥർ നടത്തിയതായി അദ്ദേഹം ആരോപിച്ചു. സമൂഹത്തിൽ തനിക്ക് സ്വാധീനമുണ്ടെന്ന് പൊലീസ് കരുതുന്നതായും, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിലും പള്ളികളിലും തീവ്ര നിലപാടുകളുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ നേടാനായിരിക്കാം ശ്രമമെന്നും സാദിഖ് പറഞ്ഞു.

ഇതിന് ദിവസങ്ങൾക്ക് മുൻപ് മൊറോക്കോയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ടെററിസം ആക്ടിലെ ഷെഡ്യൂൾ 7 പ്രകാരം മൂന്നു മണിക്കൂറിലധികം ചോദ്യം ചെയ്തതായും സാദിഖ് വ്യക്തമാക്കി. പാലസ്തീൻ ആക്ഷൻ, ഇറാൻ, സാമ്പത്തിക സ്ഥിതി, മോർട്ട്ഗേജ് എന്നിവയെ കുറിച്ചാണ് ചോദ്യം ചെയ്തതെന്നും, അന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ സുരക്ഷ ഉറപ്പാക്കാനാണ് വിഷയം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നതെന്ന് സാദിഖ് വ്യക്തമാക്കി. സാദിഖിന്റെ അഭിഭാഷകൻ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിനോട് ഔദ്യോഗികമായി വിശദീകരണം തേടുമെന്ന് അറിയിച്ചു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വ്യക്തമാക്കി.

English summary: A Manchester cafe owner has accused police of offering inducements to inform on Palestine Action, a claim Greater Manchester Police declined to comment on.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.